വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളെ കണ്ടെത്തി


ഈരാറ്റുപേട്ട: തേവരുപാറയില്‍ നിന്നും തമിഴ്‌നാട്ടിലെ കോടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ച് പേരടങ്ങുന്ന സംഘത്തില്‍ നിന്നും കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറയില്‍ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24) മുല്ലൂപ്പാറ ബഷീറിന്റെ മകന്‍ ഹാഫിസ് (23) എന്നിവരെയാണ് രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത്. 

പൂണ്ടി വനത്തില്‍ 25 കിലോമീറ്റര്‍ ഉള്ളിലുള്ള കത്രികവ എന്ന പ്രദേശത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. ആനകളുള്‍പ്പെടെ വന്യജീവികളുള്ള സ്ഥലമാണ് കത്രികവ. ഇവിടെ വിറക് വെട്ടാന്‍ പോയ രണ്ട് തൊഴിലാളികളാണ് പുലര്‍ച്ചെ നാലോടെ ഇരുവരെയും കണ്ടെത്തിയത്. 

തുടര്‍ന്ന് തൊഴിലാളികള്‍ തമിഴ്‌നാട് പോലീസില്‍ വിവരം അറിയിക്കുകയും ഉച്ചയോടെ ഇരുവരെയും കാടിന് പുറത്ത് എത്തിക്കുകയും ചെയ്തു.
ചൊവ്വഴ്ച്ച രാത്രിയിലാണ് ഇവരെ കാണാതായത്. രാത്രിയില്‍ കാട് കാണാനായി ഇറങ്ങിയപ്പോള്‍ ശക്തമായ കോടയിലും മഞ്ഞിലും വഴി തെറ്റി ഉള്‍വനത്തിലേക്ക് പോയതാണ് ഇരുവരും. 

ഇരുവരെയും കാണാത്തതായതിനെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്നവര്‍ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് തമിഴ്‌നാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസും ബന്ധുക്കളും ടീം നന്മക്കൂട്ടവും കൊടൈക്കനാലില്‍ തിരച്ചിലിനായി എത്തിയിരുന്നു. കോടൈക്കനാലില്‍ നിന്നും 16 കിലോമീറ്റര്‍ ഉള്ളിലയിട്ടാണ് പൂണ്ടി വന മേഖല.


Previous Post Next Post