കോട്ടയം: ബഫര്‍ സോണുമായി ബന്ധപ്പെട്ടുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ക്രൈസ്തവ സഭാ നേതൃത്വത്തിന് ഉറപ്പ് നല്കിയെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രശ്‌ന പരിഹരിഹാരത്തിനായി സര്‍ക്കാര്‍ നിയമ പോരാട്ടം തുടരും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കനുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഫര്‍ സോണുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചവരോട് സംസാരിക്കുകയും അവര്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായും മന്ത്രി പറയുന്നു.
മാപ്പിലെ പോരായ്മയാണ് ജനവാസ പ്രദേശങ്ങള്‍ ബഫര്‍ സോണിലാകാന്‍ കാരണം. ഇത് നീക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സമിതി തീരുമാനമെടുക്കും. ഇതിനായി 19ന് യോഗം നടക്കും.
സമരത്തെ ക്രിയാത്മക നീക്കമായാണ് കാണുന്നത്. സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സമരം ചെയ്യുമ്പോള്‍ കേസ് ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് ജനങ്ങള്‍ സമരം ചെയ്യുന്നത്. എരുമേലിയിലെ ഏയ്ഞ്ചല്‍വാലി പമ്പാവാലി പ്രദേശങ്ങള്‍ വനഭൂമിയില്‍ ഉള്‍പ്പെട്ട വിഷയം പരിഹരിക്കാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.