അധോലോക കുറ്റവാളി ഇന്ത്യയിൽ എത്തിയതായി വിവരം

ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മജ് നജീം മുഹമ്മദ് ഇമ്രാൻ ഇന്ത്യയിലെത്തിയതായി വിവരം. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഇയാൾ എത്തിയതായി വിവരം ലഭിച്ചിട്ടുള്ളത്. ഇതേ തുടർന്ന് തമിഴ്‌നാട് പോലീസ് കനത്ത ജാഗ്രതയിലാണ്. കഞ്ചിപ്പാനി ഇമ്രാൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഇമ്രാൻ പാകിസ്താൻ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ വേരുകളുള്ള മയക്കുമരുന്ന് ഇടപാടുകാരനാണ്. ശ്രീലങ്കൻ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

കള്ളക്കടത്തുകേസുകളിലും കൊലക്കേസുകളിലും നിയമനടപടി നേരിടുന്ന ഇമ്രാനെ ദുബായിൽ അറസ്റ്റിലായതിനെത്തുടർന്ന് 2019ലാണ് ശ്രീലങ്കയിലേക്ക് നാടുകടത്തിയത്. പാകിസ്താനിലെ ഹാജിഅലി ശൃംഖലയുമായും ശ്രീലങ്കയിലെ ഗുണശൃംഖലയുമായും അടുത്തബന്ധമുള്ള ഇമ്രാൻ കൂട്ടാളികൾക്കൊപ്പം കഴിഞ്ഞ മാസം 25ന് രാമേശ്വരത്ത് എത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉടൻ വേഷംമാറി തലൈമാന്നാറിലെത്തിയ ഇയാൾ അവിടെനിന്ന് ബോട്ടുമാർഗം രാമേശ്വരത്തെത്തി എന്നാണ് റിപ്പോർട്ട്. ഇയാള പിടികൂടാനായി തീരദേശമേഖലകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാ ഏജൻസികൾ. അതേസമയം ഇമ്രാൻ രക്ഷപ്പെട്ട കാര്യം ശ്രീലങ്ക ഔപചാരികമായി ഇതുവരെ ഇന്ത്യയെ അറിയിച്ചിട്ടില്ല.
Previous Post Next Post