മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാന്‍ നീക്കം; മുന്‍ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കിക്ക്മ കോളേജിലെ മുന്‍ ജീവനക്കാരൻ നെയ്യാർഡാം സ്വദേശി അനിൽകുമാറിനെയാണ് മുൻകരുതലായി അറസ്റ്റ് ചെയ്ത് നീക്കിയത്. സഹകരണ യൂണിയന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം കിക്മ കോളേജിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും, പ്രതിഷേധിക്കാനുമായാണ് അനിൽകുമാർ കോളേജിലെത്തിയതെന്ന് പൊലീസ് പറയുന്നു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോളേജിൽ എത്തുന്നത്. കിക്ക്മ കോളേജ് തുടങ്ങിയ കാലം മുതൽ അവിടെ ജോലി ചെയ്തു വരികയായിരുന്നു അനില്‍കുമാര്‍. എന്നാൽ അടുത്തിടെ കോളേജ് അധികൃതർ ഇദ്ദേഹത്തെ അകാരണമായി പിരിച്ചുവിട്ടിരുന്നു. തുടർന്ന് പലതവണ സമരവും സത്യാഗ്രഹവുമായി അനില്‍കുമാര്‍ കോളേജിനു മുന്നിൽ ചെന്നിട്ടും മാനേജ്മെൻറ് ജോലി നൽകാൻ തയ്യാറായില്ല. ഇത് സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ അപേക്ഷ നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ജോലി തിരികെ കിട്ടാനായി മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ താൻ പ്രതിഷേധിക്കുമെന്ന വിവരം മറ്റൊരാളോട് ഫോണിൽ സംസാരിക്കുകയായിരുന്നു കുമാർ. ഈ സമയത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് അനില്‍ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയത്.
Previous Post Next Post