എച്ച്3 എൻ8 പക്ഷിപ്പനി ‌ബാധിച്ച സ്ത്രീ മരിച്ചു; ലോകത്തെ ആദ്യ മരണം ചൈനയിൽ


 
പ്രതീകാത്മക ചിത്രം 

 ബെയ്ജിംഗ് : എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ച് ചൈനയിൽ സ്ത്രീ മരിച്ചു. 

വൈറസ് ബാധിച്ചുള്ള ലോകത്തെ ആദ്യ മരണമാണ് ഇതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ നിന്നുള്ള 56 കാരിയായ സ്ത്രീയാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ ഉപവിഭാ​ഗമായ എച്ച്3എൻ8 ബാധിച്ച് മരിച്ചത്.

ഫെബ്രുവരി 22നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് മൂന്ന് മുതൽ കടുത്ത ന്യൂമോണിയ ബാധിക്കുകയും 
മാർച്ച് 16ന് സ്ത്രീ മരിക്കുകയുമായിരുന്നു.

 പൗൾട്രി മാർക്കറ്റിൽ നിന്നാകാം ഇവർക്ക് അണുബാധയുണ്ടായത് എന്നാണ് കരുതുന്നത്.‌ രോഗിക്ക് ഒന്നിലധികം രോ​ഗലക്ഷണങ്ങൾ‌ ഉണ്ടായിരുന്നെന്നും ഇവർക്ക് പൗൾട്രി ഫാമുമായി സമ്പർക്കം ഉണ്ടെന്ന് കണ്ടെത്തിയെന്നും ഡബ്യൂഎച്ച്ഒ പറഞ്ഞു.

അസുഖം ബാധിക്കുന്നതിന് മുമ്പ് ഇവർ സന്ദർശിച്ച മാർക്കറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ഇൻഫ്ളുവൻസ എ(എച്ച് 3) പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.സ്ത്രീയുമായി സമ്പർക്കമുണ്ടായിരുന്ന മറ്റാർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. വൈറസിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള കഴിവ് കുറവാണെന്നും അതുകൊണ്ട് മറ്റാളുകൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിലയിരുത്തൽ.

2022 ഏപ്രിലിലാണ് ലോകത്ത് ആദ്യമായി എച്ച്3എൻ8 മനുഷ്യരിൽ സ്ഥിരീകരിച്ചത്. ഇതും ചൈനയിലായിരുന്നു. പക്ഷികളിൽ വളരെയധികം കണ്ടുവരുന്ന ഈ രോഗം മനുഷ്യരിൽ അപൂർവ്വമായി മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.

Previous Post Next Post