മാസങ്ങൾ പഴക്കമുള്ളതും അഴുകിയതുമായ മത്സ്യശേഖരം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. കിളിമാനൂരിലെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം സ്വകാര്യ ചന്തയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ 80 കിലോ അഴുകിയ മത്സ്യമാണ് കണ്ടെത്തിയത്. പ്രധാനമായും ചൂര, കണവ, നെത്തോലി തുടങ്ങിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പഴകിയ നിലയിൽ കാണപ്പെട്ടത്. പിടിച്ചെടുത്ത മത്സ്യം പൂർണമായും നശിപ്പിച്ചിട്ടുണ്ട്.
മഹാദേവേശ്വരം ചന്തയിൽ വിൽപ്പനക്കായി വച്ചിരുന്ന ഉണക്ക മത്സ്യത്തിന്റെ സാമ്പിളും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മഹാദേവേശ്വരം ചന്ത, പുതിയ കാവിലെ പൊതുചന്ത എന്നിവിടങ്ങളിൽ അഴുകിയതും, പുഴു അരിക്കുന്നതുമായ മത്സ്യമാണ് വിൽക്കുന്നതെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ചന്തകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ സംഘടിപ്പിച്ചത്.