കോട്ടയം : കേസ് ജയിക്കാനായി രാഹുൽ ഗാന്ധിയുടെ പേരിലും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. ലോക്സഭാംഗത്വത്തിൽനിന്ന് രാഹുലിനെ അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തടയാനാണ് കോൺഗ്രസുകാർ ജഡ്ജി അമ്മാവന്റെ അനുഗ്രഹം തേടി വഴിപാട് നടത്തിയത്. ചെറുവള്ളി മേഖലാ കമ്മിറ്റി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് രാഹുൽ ഗാന്ധിക്കായി അടനിവേദ്യം വഴിപാട് നടത്തിയത്. കേസുകളിൽ പെടുന്നവർ വിജയത്തിനായി എത്തി പ്രാർത്ഥിക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിൽ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. ചെറുവള്ളി ദേവിക്ക് പുഷ്പാഞ്ജലി, കൊടുംകാളിക്ക് നടകുരുതി വറവഴിപാടും നടത്തി. രാഹുൽഗാന്ധി, മൂലം നാൾ എന്ന പേരിലാണ് ദേവസ്വത്തിൽനിന്ന് രസീത് വാങ്ങിയത്. കേസുകളിലുൾപ്പെട്ട ചലച്ചിത്രതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ പൂജകളിൽ പങ്കെടുത്തിട്ടുള്ള കോവിലാണിത്.
ധർമരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂർ സദർകോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവർമപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേസിൽപ്പെട്ടവർക്ക് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവർക്കും പ്രാർത്ഥിക്കാനായാണ് ഈ ക്ഷേത്രം. ഈ അമ്പലത്തിൽപ്പോയി പ്രാർത്ഥിച്ചാൽ കേസുകളിൽ വിജയിക്കാനാകുമെന്നാണ് വിശ്വാസം. ക്രിമിനൽ കേസിൽ പെട്ടവരും വ്യവഹാരങ്ങളിൽ ഉൾപ്പെട്ടവരും കേസുകളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാരും പൊലീസുദ്യോഗസ്ഥന്മാരും ഒക്കെയാണ് ഈ അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തുന്നത്.
അമ്പലത്തിലെ പ്രതിഷ്ഠയുടെ പേര് ജഡ്ജിയമ്മാവൻ. കോട്ടയം ജില്ലയിൽ റാന്നി മണിമല പൊൻകുന്നം റൂട്ടിലാണ് ജഡ്ജിയമ്മാവന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവുംഭാഗം ചെറുവള്ളി മേജർ ദേവീക്ഷേത്രത്തിലാണ് ജഡ്ജിയമ്മാവൻ ഉപദേവതയായ പ്രതിഷ്ഠയുള്ളത്.