പൂവം(ചങ്ങനാശ്ശേരി ) : ചങ്ങനാശ്ശേരിയിൽ
ഉത്സവപ്പറമ്പിൽ താലപ്പൊലിക്കിടയിലേക്ക് ആൽമരത്തിന്റെ വൻ ശിഖരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണ് ഒരാൾ മരിച്ചു. എട്ടോളം പേർക്ക് പരിക്കും വൈദ്യുതാഘാതവും ഏറ്റു.
വെളളിയാഴ്ച ഗൾഫിൽ നിന്നും വീട്ടീൽ എത്തിയ ചങ്ങനാശേരി പൂവം കണിയാംപറമ്പിൽ സതീഷന്റെ മകൻ സബിൻ സതീഷ് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 30 ഓടെയാണ് അപകടം സംഭവിച്ചത്.
പൂവം എസ്എൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന സമയത്താണ് ആലിന്റെ വൻശിഖരം ഒടിഞ്ഞ് വീണത് . ഇത് വൈദ്യുതി ലൈൻ കമ്പിയിൽ തട്ടി മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റു.
ചങ്ങനാശ്ശേരി അഗ്നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉത്സവത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നും എത്തിയതായിരുന്നു മരിച്ച സബിൻ. മാതാവ് രതി. ഭാര്യ അശ്വതി.