പാമ്പാടി ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ മിൽക്ക് എ റ്റി എം
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാമ്പാടി ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ മിൽക്ക് വെൻഡിംഗ് മെഷീൻ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡെൻ്റ് ശ്രീമതി മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡെൻ്റ് ശ്രീമതി ഡാലി റോയി ആദ്യ വില്പന സ്വീകരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി. എം മാത്യു അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡെൻ്റ് ശ്രീ വി എം പ്രദീപ് റീചാർജ്ജ് കാർഡിൻ്റെ ആദ്യ വില്പന നടത്തി. ശ്രീ ബിജു തോമസ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ശ്രീമതി ഷേർളി തര്യൻ, പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ, ശ്രീമതി വിജി വിശ്വനാഥ് ക്ഷീരവികസന വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ, പാമ്പാടി ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡെൻ്റ് വിവിൻ ആൻഡ്രൂസ്, വ്യാപാരി വ്യവസായി പ്രസിഡെൻ്റ് ശ്രീഷാജി പി മാത്യു എന്നിവർ സംസാരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് പന്താക്കൽ സ്വാഗതവും, ക്ഷീരസംഘം സെക്രട്ടറി ശ്രീമതി അമ്പിളി എസ് നന്ദിയും പറഞ്ഞു.
അഞ്ച് ലക്ഷം രൂപാ ചിലവഴിച്ച് സ്ഥാപിച്ച 200ലിറ്റർ കപ്പാസിറ്റിയുള്ള മിൽക്ക് എ റ്റി എംൽ നിന്നും 24 മണിക്കൂറും ഉപഭോക്താക്കൾക്ക് പ്രാദേശിക ക്ഷീരകർഷകർ ഉത്പാദിപ്പിക്കുന്ന നറുംപാൽ നേരിട്ട് എടുക്കാമെന്നുള്ളതാണു ഇതിൻ്റെ പ്രത്യേകത. ക്ഷീരസംഘത്തിലെ പ്രാഥമിക ഗുണനിലവാര പരിശോധനകൾക്ക് ശേഷം ശീതീകരിച്ച് സൂക്ഷിക്കുന്ന പശുവിൻ പാൽ ദിവസവും രണ്ടു നേരം വെൻഡിംഗ് മെഷ്യനിൽ നിറയക്കും. പണം നേരിട്ടു മെഷ്യനിൽ ഇട്ടോ, സംഘം നൽകുന്ന റീചാർജ്ജ് കാർഡുകൾ ഉപയോഗിച്ചോ, ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് അവർ കൊണ്ടുവരുന്ന പാത്രത്തിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് പശുവിൻ പാൽ ഏടുക്കാം. ഇതിലൂടെ പ്രതിദിനം 800 പ്ലാസ്റ്റിക്ക് കവറുകളുടെ വരെ ഉപഭോഗം ഇതിലൂടെ കുറയ്ക്കാൻ സാധിക്കും. ഒരു സമയം നാലു ലിറ്റർ പാൽ വരെ എടുക്കാവുന്നതാണു. ഇതിലൂടെ പാമ്പാടി ക്ഷീര വ്യവസായ സംഘത്തിലെ ക്ഷീരകർഷകർക്ക് സാമ്പത്തിക നേട്ടവും, ഉപഭോക്താക്കൾക്ക് ശുദ്ധമായ പശുവിൻ പാലും ലഭ്യമാകും.
പാമ്പാടി ബ്ലോക്കിൽ ക്ഷീര സഹകരണ സംഘങ്ങളുമായി ചേർന്ന് സ്ഥാപിക്കുന്ന മൂന്ന് മിൽക്ക് വെൻഡിംഗ് മെഷ്യനുകളിൽ ഒന്നാണു പാമ്പാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ പന്താക്കലിൻ്റെ നിർദ്ദേശാനുസരണം സ്ഥാപിച്ചത്. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീര സഹകാരികൾ, ക്ഷീരകർഷകർ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.