മഹിളാ കോൺഗ്രസിൽ പൊട്ടിത്തെറി: ജെബി മേത്തറുടെ ഇരട്ട പദവി അംഗീകരിക്കാനാവില്ലെന്ന് എം.പിമാർ

ഭാരവാഹി പട്ടികയുടെ പേരിൽ മഹിളാ കോൺഗ്രസിൽ പൊട്ടിത്തെറി. ഭാരവാഹിപട്ടികക്ക് എതിരെ ഒൻപത് എം.പിമാർ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയ്ക്ക് കത്തയച്ചു. ജെബി മേത്തറുടെ ഇരട്ട പദവി അംഗീകരിക്കാനാവില്ല എന്നാണ് എം.പിമാർ പറയുന്നത്.

മഹിളാ കോൺഗ്രസിന്റെ നാല് വൈസ് പ്രസിഡന്റുമാരെയും 18 ജനറൽ സെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചുള്ള പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സംഘടനക്കുള്ളിൽ കൂട്ടപരാതി ഉയർന്നത്. സംഘടനാ പ്രവർത്തനത്തിൽ സജീവമായ പലരെയും തഴയുന്നതാണ് ഭാരവാഹി പട്ടികയെന്ന് ആരോപിച്ചു 9 എം.പിമാർ കോൺ​ഗ്രസ് അധ്യക്ഷന് പരാതി നൽകി.

കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പോലും അറിയാതെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് എന്നും ആക്ഷേപമുണ്ട്. ഒരാൾക്ക് ഒരു പദവി എന്നത് റായ്‌പുർ ചിന്തൻ ശിബിരത്തിലും കോഴിക്കോട് ചിന്തൻശിബിരത്തിലും അംഗീകരിച്ചതാണ്. എന്നാൽ എം.പിയായ ജെബി മേത്തർ അധ്യക്ഷയായി തുടരുന്നതിനാൽ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ബാരിക്കേഡിന് മുകളിൽ കയറുന്നവർക്ക് മാത്രമേ സ്ഥാനമുള്ളൂ എന്നും പരാതിക്കത്തിൽ വിമർശം ഉന്നയിക്കുന്നുണ്ട്. മഹിളാ കോൺഗ്രസിന്റ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. ഇരട്ട പദവിയിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ഷാനി മോൾ ഉസ്മാൻ വ്യക്തമാക്കി.
Previous Post Next Post