കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരായ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനകീയ സമരസമിതി കണ്‍വീനര്‍ കൂടിയായ നെന്മാറ എംഎല്‍എ കെ ബാബുവാണ് ഹര്‍ജി നല്‍കിയത്.
ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ശല്യക്കാരനായ കാട്ടാനയെ ഇടുക്കിയില്‍ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അശാസ്ത്രീയമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും സമരം ശക്തമാണ്. ഇന്നലെ വനംവകുപ്പിന്റെ ട്രയല്‍ റണ്‍ വാഴച്ചാലില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.