ചെന്നൈ കലാക്ഷേത്രയിലെ ലൈംഗിക പീഡനം: മലയാളി നൃത്താധ്യാപകന്‍ അറസ്റ്റിൽ



 ചെന്നൈ : ചെന്നൈ കലാക്ഷേത്രയിലെ രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ ലൈംഗികാരോപണത്തില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. 

നൃത്ത അധ്യാപകനായ ഹരിപത്മന്‍ ആണ് അറസ്റ്റിലായത്. കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം. 

കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ ഇടപെടല്‍, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ഹരിപത്മനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. 

പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം മാര്‍ച്ച് 31 നാണ് അധ്യാപകനെതിരെ അഡയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെന്നൈ നോര്‍ത്തില്‍ നിന്നാണ് അധ്യാപകന്‍ പിടിയിലായത്. കേസില്‍ തമിഴ്‌നാട് പൊലീസ് ഞായറാഴ്ച കേരളത്തിലെത്തി സാക്ഷികളായ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. 

രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മറ്റു അധ്യാപകര്‍ക്കെതിരായ പരാതിയും പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചു വരികയാണെന്ന് അഡയാര്‍ പൊലീസ് അറിയിച്ചു.

 അധ്യാപകരുടെ ശല്യത്തെത്തുടര്‍ന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തി പോകുകയായിരുന്നു.
Previous Post Next Post