കോടതി വളപ്പിൽ യുവതിക്ക് വെടിയേറ്റു



ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിൽ നടന്ന വെടിവെപ്പിൽ യുവതി ഉൾപ്പെടെ രണ്ടുപേർക്ക് വെടിയേറ്റു. പ്രതി പിടിയിലായി. സാമ്പത്തിക തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സാകേത് കോടതിയിലെ അഭിഭാഷക ബ്ലോക്കിൽ രാവിലെ പത്തരയോടെയാണ് വെടിവയപ്പ് ഉണ്ടായത്.

കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകൻ കാമേശ്വർ പ്രസാദ് ആണ് കോടതി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അഭിഭാഷക വേഷത്തിലെത്തിയ ഇയാൾ യുവതിയെ ലക്ഷ്യം വെച്ച് അഞ്ചു റൗണ്ട് വെടിവെച്ചു. യുവതിയുടെ വയറിലും കയ്യിലുമായി മൂന്നുതവണ വെടിയേറ്റു. യുവതിയെ കൂടാതെ മറ്റൊരാൾക്കും വെടിയേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി.

സാമ്പത്തിക തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. മധ്യസ്ഥ ചർച്ചയ്ക്കായി കോടതിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. വെടിയേറ്റ യുവതി മുൻപും വഞ്ചന കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ഇന്ന് വൈകീട്ട് പിടികൂടി. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. സംഭവത്തിൽ സുരക്ഷ വീഴ്ച്ച ഇല്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഡൽഹിയിലെ ക്രമസമാധാന നില തകർന്നതിന്റെ ഒടുവിലത്തെ സംഭവമാണ് കോടതിയിലെ വെടിവയ്പ്പെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശിച്ചു.
أحدث أقدم