മരിച്ചവരുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി, സർക്കാർ സഹായധനം കൈമാറി

 കണ്ണൂർ : എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ തീ വയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

 പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ട്രെയിൻ ആക്രമണത്തിനു പിന്നാലെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.


Previous Post Next Post