ദേശീയ പദവി ഇല്ലാതാകുമ്പോൾ സിപിഐക്ക് നഷ്ടമാകുക ഏഴുപതിറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന ചിഹ്നവും



 ന്യൂഡൽഹി : സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായതോടെ ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു അധ്യായത്തിന് കൂടി അവസാനമാകുകയാണ്. 

രാജ്യത്തെ ആദ്യ പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായിരുന്ന, ഐക്യ കേരളത്തിൽ ആദ്യത്തെ മന്ത്രിസഭ രൂപീകരിച്ച പാർട്ടി ഇനി കേരളത്തിൽ മാത്രം സംസ്ഥാന പദവിയുള്ള ഒരു പ്രാദേശിക പാർട്ടിയാണ്.

 ഐക്യകേരളത്തിൽ ഒരേയൊരു ഏകകക്ഷി സർക്കാരിനെ നയിച്ച പാർട്ടി എന്ന ഖ്യാതിയും സിപിഐക്ക് മാത്രം അവകാശപ്പെടാനാകുന്നതാണ്. കേരളത്തിലും സംസ്ഥാന പദവി എത്രനാൾ ഈ പാർട്ടിക്ക് നിലനിർത്താനാകും എന്ന കാര്യത്തിൽ സിപിഐ പ്രവർത്തകർക്ക് തന്നെ സംശയമുണ്ട്.

ദേശീയ പാർട്ടി പദവി നഷ്ടമായതിലൂടെ സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടമാകും എന്നതാണ്. രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെ‌ടുപ്പ് മുതൽ സിപിഐ ഉപയോ​ഗിക്കുന്ന ചിഹ്നമാണ് ധാന്യക്കതിരും അരിവാളും. സിപിഐ മാത്രമായിരുന്നു ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ തുടർച്ചയായി ഒരേ ചിഹ്നത്തിൽ തന്നെ മത്സരിച്ചിരുന്നത്. 

ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ധാന്യക്കതിർ അരിവാളിന് അവകാശപ്പെടാനുള്ളത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാകും സിപിഐക്ക് ധാന്യക്കതിർ അരിവാൾ ചിഹ്നത്തിൽ മത്സരിക്കാനാകുക.

കേരളത്തിൽ 140 നിയമസഭാ സീറ്റുകളിൽ 17 സീറ്റുകളിലാണ് സിപിഐ എംഎൽഎമാരുള്ളത്. കേരളത്തിന് പുറത്ത് സിപിഐക്ക് നിയമസഭയിൽ പ്രാതിനിധ്യമുള്ളത് തമിഴ്നാട്ടിൽ മാത്രമാണ്. 234 അം​ഗ തമിഴ്നാട് നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇവിടെ നിന്നും രണ്ട് ലോക്സഭാം​ഗങ്ങളും സിപിഐക്കുണ്ട്. ലോക്സഭയിലെ പാർട്ടിയുടെ ആകെയുള്ള പ്രാതിനിധ്യവും ഇതാണ്.

രാജ്യമൊട്ടാകെ 19 എംഎൽഎമാർ, ലോക്സഭയിൽ രണ്ട് അം​ഗങ്ങൾ, രാജ്യസഭയിൽ രണ്ട് അം​ഗങ്ങൾ എന്നിങ്ങനെ എണ്ണിയാൽ സിപിഐയുടെ ആകെ തുകയാകും. 

വരുന്ന ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള ശേഷിയും നിലവിൽ സിപിഐക്കില്ല. പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ത്രിപുര, അസം, പശ്ചിമ ബം​ഗാൾ, തെലങ്കാന, ഛത്തിസ്​ഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പേരിന് മാത്രം സംസ്ഥാന ഘടകങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

 നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സിപിഐക്ക് ഒരു തിരിച്ചുവരവ് വലിയ പ്രയാസമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post