മാവേലിക്കര- മാവേലിക്കര പല്ലാരിമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം ഏറ്റ 12 വയസ്സുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണുപരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ രണ്ടാനച്ഛൻ തന്നെയാണ് കുട്ടിയെ ചികിത്സക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. കുട്ടിയുടെ മൂത്ത സഹോദരനും ഒപ്പമുണ്ടായിരുന്നു. രണ്ടാനചന്റെ പെരുമാറ്റത്തിലുള്ള ആസ്വാഭികതയും കുഞ്ഞിന്റെ പേടിച്ചുള്ള പെരുമാറ്റത്തിലും സംശയം തോന്നിയ ഡോക്ടറുടെ വിശദമായുള്ള പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന പരിക്കുകൾ കണ്ടപ്പോഴാണ് രണ്ടാനച്ഛന്റെ ക്രൂരകൃത്യം കുട്ടി പറയുന്നത്. ഉടൻ തന്നെ പൊലീസ് എയ്ഡ്പോസ്റ്റിലുള്ള പൊലീസുകാരൻ മാവേലിക്കര പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി രണ്ടാനചനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നും ചൈൽഡ് വെൽൽഫെയർ സെന്ററിൽ വിവരമാറിയിച്ചു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പല്ലാരിമംഗലത്ത് വാടകവീട്ടിലാണ് ഇവരുടെ താമസം. രണ്ടാനച്ഛൻ കുട്ടിയെ പതിവായി മർദ്ദിക്കുമായിരുന്നുവെന്നും മാതാവ് ഇതിനെ എതിർത്തിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മുതുകിലും അരയ്ക്ക് താഴെ പിൻഭാഗത്തും അടികൾ ഏറ്റ് മുറിഞ്ഞ് ഉണങ്ങിയ നിരവധി പാടുകളും ഉണ്ട്.