കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലെ ആദ്യ പരിപാടിയായ യുവം 2023 വേദിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് യുവം പരിപാടി വേദിയായ തേവര എസ് എച്ച് കോളേജ് പരിസരത്ത് മോദി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. യുവം പരിപാടിയിലേക്കുള്ള പ്രവേശന കാവടത്തിലായിരുന്ന സംഭവം. ഇത് സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥക്ക് വഴിവച്ചു.
മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പി എച്ചിനെ തള്ളി നീക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചതോടെയാണ് നേരിയ പ്രശ്നം ഉണ്ടായത്. ബി ജെ പി പ്രവർത്തകർ അനീഷിനെ തള്ളി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ തേവര സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.