തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ ഗജവീരൻ പാറമേക്കാവ് ദേവീദാസന്‍ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അന്ത്യം.
21 വര്‍ഷം തൃശുര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15 ല്‍ ഉണ്ടായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസന്‍ സ്ഥിര സാനിധ്യമാണ്.
2001ല്‍ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവില്‍ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളില്‍ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസന് ആയി.
ഇക്കഴിഞ്ഞ പൂരത്തിനും ദേവീദാസനാണ് കൊടിയേറ്റ് നാളില്‍ തിടമ്പേറ്റിയത്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ മാസങ്ങളായി പുറത്ത് എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടുപോകാറില്ലായിരുന്നു.
കൂപ്പിലെ ജോലികള്‍ ചെയ്തുവന്നിരുന്ന ആന പാറമേല്‍ക്കാവില്‍ എത്തിയതിന് ശേഷമാണ് എഴുന്നള്ളത്തുകളില്‍ പങ്കെടുത്ത് തുടങ്ങിയത്. തൃശൂര്‍ പൂരത്തിന് പുറമേ നെന്മാറ, പഴയന്നൂർ , ആറാട്ടുപുഴ പൂരങ്ങൾക്ക് പാറമേക്കാവ് ദേവീദാസന്‍ സ്ഥിരസാന്നിധ്യമായിരുന്നു.