സുഡാനില്‍ നിന്നും ആദ്യ സംഘം ഡല്‍ഹിയില്‍; കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി





ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തോടൊപ്പം കേന്ദ്രമന്ത്രി വി മുരളീധരൻ

 ന്യൂഡല്‍ഹി : ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടെ ആദ്യസംഘം ഡല്‍ഹിയിലെത്തി. 360 പേരാണ് സംഘത്തിലുള്ളത്. ജിദ്ദയില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. 

സുഡാനില്‍ നിന്നും ഡല്‍ഹിയിലെത്തിയവരില്‍ 19 മലയാളികളും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ഭക്ഷണവും താമസവും കേരള ഹൗസില്‍ ഒരുക്കി. ഇവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കും, കേരള ഹൗസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 

ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും 264 പേരെ കൂടി ജിദ്ദയിലെത്തിച്ചിട്ടുണ്ട്. 136 ഇന്ത്യാക്കാരുമായി നാലാമത്തെ ബാച്ചും പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്. പോര്‍ട്ട് സുഡാനില്‍ നിന്നും 297 പേരുമായി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തേജ് കപ്പലും യാത്ര തിരിച്ചിട്ടുണ്ട്. 

അതിനിടെ സുഡാനില്‍ വെടിയേറ്റു കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും അടങ്ങുന്ന സംഘമാണ് ജിദ്ദയിലെത്തിയത്. ഇവരെ എത്രയും വേഗം കൊച്ചിയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 

ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ കുടുങ്ങിയ 1100 പേരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആറു ബാച്ചുകളിലായാണ് ഇത്രയും പേരെ ഒഴിപ്പിച്ചതെന്നും, ഇവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഓപ്പറേഷന്‍ കാവേരി ഇന്നും തുടരും.

Previous Post Next Post