ഷഹറൂഖിനൊപ്പം മൂന്നുപേര്‍; രക്ഷപ്പെട്ടത് ട്രെയിനില്‍; ഒരാള്‍ കണ്ണൂരില്‍ തന്നെയെന്ന് പൊലീസ്


 

 കോഴിക്കോട് : എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയ്‌ക്കൊപ്പം മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നാലുപേര്‍ക്കായാണ് ടിക്കറ്റ് എടുത്തത്. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ടിക്കറ്റാണ് എടുത്തത്. എന്നാല്‍ സംഘത്തിലെ ഒരാള്‍ ട്രെയിനില്‍ കയറിയില്ല. ഇയാള്‍ കണ്ണൂരില്‍ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

കണ്ണൂരില്‍ നിന്നും വൈകീട്ടോടെയാണ് സംഘം ട്രെയിനില്‍ യാത്ര തിരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ചികിത്സ തേടി ഇറങ്ങുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സെയ്ഫിയും സംഘവും നില്‍ക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നതില്‍ വ്യക്തതയില്ല. തീവെച്ച ആലപ്പുഴ എക്‌സ്പ്രസില്‍ തന്നെയാണ് ഷഹറൂഖ് സെയ്ഫി കണ്ണൂരിലെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 രത്‌നഗിരിയില്‍ വെച്ചാണ് ഷഹറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയിലെടുക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. 

അതിനിടെ തീവെയ്പു കേസില്‍ പിടിയിലായ ഷഹറൂഖ് സെയ്ഫിയും ഹഷീന്‍ബാഗില്‍ നിന്നും കാണാതായ ഷഹറൂഖും ഒരാള്‍ തന്നെയെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥീരികരിച്ചിട്ടുണ്ട്. കേരള എടിഎസും ഡല്‍ഹി സ്‌പെഷല്‍ പൊലീസും ചേര്‍ന്നാണ് ഷഹീന്‍ബാഗില്‍ പരിശോധന നടത്തിയത്. രത്‌നഗിരിയില്‍ പിടിയിലായത് ഷഹറൂഖ് സെയ്ഫി തന്നെയാണെന്ന് ഫോട്ടോ കണ്ട് അമ്മയും തിരിച്ചറിഞ്ഞു. 

ആറു ദിവസമായി സെയ്ഫിയെ കാണാതായിട്ടെന്നും, പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടെന്നും ഷഹറൂഖിന്റെ അമ്മ പറഞ്ഞു. ഇംഗ്ലീഷ് അറിയാമെന്നും, എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന് ഷഹറൂഖിന്റെ പിതാവ് വെളിപ്പെടുത്തി. ഫോണ്‍ വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടിയ കാര്യം കേന്ദ്ര റെയില്‍വേമന്ത്രിയും കേരള ഡിജിപിയും സ്ഥീരീകരിച്ചിരുന്നു.


Previous Post Next Post