ആലപ്പുഴ : മാവേലിക്കരയില്‍ പന്ത്രണ്ടുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. ശരീരത്തില്‍ മുറിവേറ്റ പാടുകളെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍. കേസിൽ കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ടാണ് മര്‍ദ്ദനമേറ്റ നിലയില്‍ പന്ത്രണ്ടുവയസുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് വീണ് പരിക്കേറ്റു എന്നാണ് രണ്ടാനച്ഛന്‍ ആശുപത്രിയില്‍ പറഞ്ഞത്. കുട്ടിയുടെ മുഖത്തും തലയിലുമായിരുന്നു പരിക്ക്. എന്നാല്‍ കുട്ടിയുടെ ഭയത്തോടെയുള്ള പെരുമാറ്റത്തിലും രണ്ടാനച്ഛന്റെ പരസ്പര വിരുദ്ധമായ മറുപടികളിലും സംശയം തോന്നിയ ഡോക്ടര്‍ കുട്ടിയെ വിശദമായി പരിശോധിക്കുകയായിരുന്നു.
പരിശോധനയില്‍ കുട്ടിയുടെ ശരീരമാസകലം വലിയ തോതില്‍ മുറിവേറ്റ പാടുകളുണ്ട് എന്ന് കണ്ടെത്തി. മര്‍ദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടറാണ് മാവേലിക്കര പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ എന്തിനാണ് മര്‍ദ്ദിച്ചതെന്നും കുട്ടിയുടെ അമ്മ എവിടെയാണ് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. മുന്‍പ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ചവറയില്‍ വച്ച് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. തുടര്‍ന്ന് മാവേലിക്കരയില്‍ വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് കുട്ടിയെ മര്‍ദ്ദിച്ച സംഭവം ഉണ്ടായത്.