ആറന്മുളയിൽ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു ജീവിതത്തിലേക്ക്. രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർച് ചെയ്യും. കുട്ടി പൂർണ ആരോഗ്യവാസ്ഥയിലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജിന് ശേഷം കുഞ്ഞിനെ തണൽ എന്ന സംഘടനയ്ക്ക് കൈമാറും.
പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്ന് കരുതി 34 കാരിയായ യുവതി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലിട്ട വിവരം ആശുപത്രി ജീവനക്കാരോട് പറയുന്നത്.
പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിയിൽ നിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. പൊലീസെത്തി നോക്കിയപ്പോൾ ബക്കറ്റിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി. പിന്നാലെ ബക്കറ്റുമായി പൊലീസ് സംഘം ഓടി. പൊലീസ് വാഹനത്തിൽ ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.