കൊച്ചി : കരള്‍ രോഗത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.
ബാല ആരോഗ്യവാനായി തുടരുന്നു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.
ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.
ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു.
മുന്നോട്ടുള്ള ബാലയുടെ ആരോഗ്യാവസ്ഥയ്ക്കായി കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.
ഭാര്യ എലിസബത്തിനൊപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു. ‘‘മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.’’–ബാല അന്നു പറഞ്ഞു.
സിനിമാ പ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.