അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രി



 തിരുവനന്തപുരം : സാധാരണക്കാർക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ച് അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിനു മുന്നിലൊന്നും പതറാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷുവും ചെറിയ പെരുന്നാളും അനുബന്ധിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷ പെൻഷനുകളുടെ വിതരണം നടക്കുന്നു. അർഹതയുള്ള 50,20,611 ഗുണഭോക്താക്കൾക്ക് ജനുവരി മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു 750,78,79,300 രൂപയും 50,35,946 ഗുണഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിലെ പെൻഷൻ വിതരണം ചെയ്യാൻ 753,13,99,300 രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇക്കാലയളവിനുള്ളിൽ വിവിധ ഇനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകുന്നതിനായി 16,730.67 കോടി രൂപ അനുവദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനങ്ങളിലായി ആകെ 52,17,642 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേർക്കു മാത്രമാണ് എൻഎസ്എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം തുക കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്.

ഇത്രയും പേരിൽ വാർധക്യകാല പെൻഷൻ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവർക്ക് 500 രൂപയും അതിൽ താഴെയുള്ളവർക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. വികലാംഗ പെൻഷനിൽ 80 ശതമാനത്തിനു മുകളിൽ വൈകല്യമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവർക്ക് 300 രൂപയും വിധവ പെൻഷനിൽ 40 വയസ്സു മുതൽ 80 വയസ്സു വരെയുള്ളവർക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. അതിനാൽ ഇവർക്കെല്ലാം ഓരോ മാസവും ലഭിക്കുന്ന 1600 രൂപയിൽ ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്.

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പിഎഫ്എംഎസ് സോഫ്റ്റ്‌വെയർ വഴി തന്നെയാകണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻഎസ്എപി ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 463.96 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പോലും, കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻഎസ്എപി ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. എൻഎസ്എപി ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം തുടര്‍ന്നും ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പഞ്ചായത്ത് വകുപ്പ് ഉപയോഗിക്കുന്ന സേവന സോഫ്റ്റ്‌വെയറിനെ പിഎഫ്എംഎസുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രസ്തുത വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എൻഎസ്എപി ഗുണഭോക്താക്കള്‍ക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും പ്രത്യേകമായി ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത് - മുഖ്യമന്ത്രി പറഞ്ഞു.


Previous Post Next Post