ആലുവ പോലീസ് സ്‌റ്റേഷന് മുന്നിൽ ആൽമരത്തിൽ ട്രാൻസ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി


 കൊച്ചി : ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി.

 അന്ന രാജു എന്ന ട്രാന്‍സ് ജെന്‍ഡര്‍ യുവതിയാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ സ്‌റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാല് മണിക്കൂറോളം മരത്തിന് മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയ അന്ന രാജുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് താഴെയിറക്കിയത്.

മാര്‍ച്ച് 17-ന് ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ ആക്രമിച്ചെന്ന് കാണിച്ച് അന്ന രാജു നല്‍കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി.

 പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ ബുധനാഴ്ച പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരേ ആല്‍മരത്തിന് മുകളില്‍ കയറുകയായിരുന്നു.

 പ്രതികള്‍ക്കെതിരേ നടപടി എടുക്കാതെ താഴെയിറങ്ങില്ലെന്ന് പറഞ്ഞ അന്ന രാജുവിനെ ആലുവയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

തന്നെ ആക്രമിച്ച ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ അറസ്റ്റ് ചെയ്യണമെന്ന് താഴെ ഇറങ്ങിയതിന് പിന്നാലെ അന്ന രാജു പോലീസിനോട് ആവശ്യപ്പെട്ടു.

 ഇക്കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍ ആലുവ ഈസ്റ്റ് സ്‌റ്റേഷനിലെ സിഐ മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിച്ചു.അതേസമയം, പരാതിയില്‍ രണ്ട് കേസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Previous Post Next Post