കെഎസ്ആർടിസിക്ക് തിരിച്ചടി, സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെ എസ് ആർ ടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി.സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ   തീരുമാനം .ഈ റൂട്ടുകളിൽ നിലവിലുളള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.നിലവിലുളള പെർമിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം.ദീ‍ർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിലെ കെ എസ് ആർ ടി സിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.

അതിനിടെ  ടേക്ക് ഓവർ സർവീസുകൾക്ക് 30% നിരക്ക് ഇളവ് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു.140 കിലോമീറ്റർ മുകളിലായി പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക്  30 %നിരക്ക് ഇളവാണ് പ്രഖ്യാപിച്ചത്.ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സർവീസ് നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ തടസ്സമില്ല.

Previous Post Next Post