*തൊടുപുഴ: ഏറെ നാളായി ചിന്നക്കനാൽ മേഖലയുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നു വിട്ടു. പുലർച്ചെ നാല് മണിയോടെയാണ് കൊമ്പനെ തുറന്നുവിട്ടത്.
അസമിൽ നിന്നു എത്തിച്ച ജിപിഎസ് കോളർ ഘടിപ്പിച്ചാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങൾ ഈ സംവിധാനം വഴി നിരീക്ഷിക്കും.
ജനവാസ കേന്ദ്രങ്ങളിൽ നിന്നു 23 കിലോമീറ്റർ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്. പരിശോധനയിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് പറഞ്ഞു. ശരീരത്തിലെ മുറിവുകൾ സാരമുള്ളതല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.
അഞ്ച് മയക്കു വെടികൾ വച്ചും നാല് കുങ്കിയാനകളുടെ സഹായത്തോടെയുമാണ് അരിക്കൊമ്പനെ
വനം വകുപ്പ് വരുതിയിലാക്കിയത്.
അതിനിടെ കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പൂജകളോടെയാണ് വരവേറ്റത്.
ആദിവാസി വിഭാഗമായ മന്നാൻ സമുദായമാണ് മംഗളാദേവി വനത്തിലെ ഗേറ്റിനു മുന്നിൽ പൂജ നടത്തിയത്. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു പൂജകൾ.