ആദ്യം ടയർ പഞ്ചർ, രണ്ടാമത്തെ വണ്ടിക്ക് എഞ്ചിൻ തകരാർ; ഷാറൂഖ് സെയ്ഫിയുമായി പൊലീസ് റോഡിൽ കിടന്നത് ഒരു മണിക്കൂറിലധികം


 
 തിരുവനന്തപുരം ; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോടേക്കാണ് പൊലീസ് എത്തിച്ചത്. അതിനിടെ ഷാറൂഖ് സെയ്ഫിയെ കൊണ്ടുവന്ന വാഹനം വഴിയിൽ പഞ്ചറായി.

 കണ്ണൂർ കാടാച്ചിറയിൽ വച്ചാണ് വാഹനം പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
ഡൽഹി സ്വദേശിയായ ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

 കേരള പൊലീസിന് പ്രതിയെ കൈമാറിയതിനു പിന്നാലെയാണ് ഇയാളെ കോഴിക്കോടേക്ക് എത്തിച്ചത്.
 മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടുകയായിരുന്നു.

 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെയാണ് സ്വകാര്യ കാറിൽ പ്രതിയെ കോഴിക്കോട് എത്തിക്കുന്നത്. 

ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടുതൽ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളിൽ ചിലർ ഡൽഹിയിൽ കസ്റ്റഡിയിലുണ്ട്.

പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കിയിരുന്നു.


Previous Post Next Post