കോട്ടയം : മൂന്നിലവ് ടൗണിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിയ്‌ക്ക് പരിഹാരമായി ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണൽ നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജിന്റെ ആവശ്യപ്രകാരം ഇന്നലെ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. അടിയന്തരമായി ടെൻഡർ നടപടികൾ സ്വീകരിച്ച് മഴക്കാലത്തിനു മുമ്പായി തന്നെ ഡാമിൽ അടിഞ്ഞുകൂടിയ മണൽ മിശ്രിതം നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകി.
ഡാം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡാം പൊളിക്കൽ പ്രായോഗികമല്ലെന്നും അടിഞ്ഞുകൂടിയിരിക്കുന്ന മണൽ നീക്കം ചെയ്താൽ തന്നെ മൂന്നിലവ് ടൗണിൽ ഉണ്ടാകുന്ന പ്രളയം ഒഴിവാക്കാൻ സാധിക്കുമെന്നും മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് യോഗത്തിൽ അഭിപ്രായപ്പെട്ടു. സർക്കാർ മാനദണ്ഡപ്രകാരം ഇ-ലേലം മുഖാന്തരം നീക്കം ചെയ്യുന്ന മണലിന് വില നിശ്ചയിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനമായി.
മണൽ നീക്കം ചെയ്തിട്ടും പ്രളയം ആവർത്തിച്ചാൽ ഡാം പൊളിക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് നീങ്ങാമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയതായും ഷോൺ ജോർജ് അറിയിച്ചു.