പാലക്കാട്: വണ്ടാഴിയില്‍ തൂങ്ങിമരിച്ച ഒമ്പതാം ക്ലാസ്സുകാരി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തല്‍. സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സികെ കുന്ന് പേഴുകുറ അഫ്‌സലിനെയാണ് (22) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് ചെന്നൈ ചോളിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
മാര്‍ച്ച് 28നാണ് പെൺകുട്ടി വീടിനുള്ളില്‍ ജീവനൊടുക്കിയത്. പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയുമാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിക്ക് അഫ്‌സല്‍ വിലകൂടിയ മൊബൈല്‍ വാങ്ങി നല്‍കിയിരുന്നു. ഈ പണം ലഹരി മാഫിയ വഴി കണ്ടത്തിയതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് ഇയാള്‍ ലഹരി നല്‍കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരി മാഫിയയുടെ ബന്ധവും അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാർ മര്‍ദ്ദിച്ചത് കാരണമാണ് കുട്ടി തൂങ്ങിമരിച്ചതെന്നാണ് തുടക്കം മുതൽ ഉയർന്ന ആരോപണം. എന്നാല്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചതോടെ അന്വേഷണം പ്രതിയിലേക്ക് നീളുകയായിരുന്നു.