തൃപ്പൂണിത്തുറ: വിവാഹവാഗ്ദാനം നൽകി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസണാണ് (33) അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. തൃപ്പൂണിത്തുറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ടെലികോം കമ്പനിയിലെ മാനേജരാണ് പ്രതി.
കോഴിക്കോട് സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി വിളിച്ചുവരുത്തി തൃപ്പൂണിത്തുറ ചാത്താരിയിലെ ഒരു ഫ്ളാറ്റിൽവച്ച് നാലുദിവസം തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനശേഷം ഇയാൾ യുവതിയുടെ കാറുമായി കടന്നുകളയുകയായിരുന്നു. യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. മൊബൈൽഫോൺ കോളുകൾ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.