ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ചൊവ്വാഴ്ച മൂന്ന് പള്ളികൾ തകർത്തു. 1974 മുതൽ നിലവിലുണ്ടായിരുന്ന ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നീ പള്ളികളാണ് അനധികൃത നിർമാണത്തിന്റെ പേരിൽ തകർത്തത്.വൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ആദിവാസി കോളനിയിൽ പൊളിക്കൽ നടത്തിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ ഉത്തരവിന്മേൽ മണിപ്പൂർ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ തകർത്തത്.
കോടതി ഉത്തരവ് പ്രകാരമാണ് പൊളിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പള്ളികൾ പൊളിക്കുന്നതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു. മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്.പള്ളികൾ തകർക്കപ്പെട്ടതിന് ശേഷം നിരവധി ക്രിസ്ത്യാനികളാണ് കെട്ടിടാവശിഷ്ടങ്ങളിൽ ഒത്തുകൂടി പ്രാർത്ഥന നടത്തിയത്. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ പള്ളികൾ തകർക്കാൻ പാടില്ലെന്ന് ഇവർ പ്രതികരിച്ചു.