മതപഠനശാലയിൽ 17 കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി


തിരുവനന്തപുരം ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും. അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്. മതപഠനശാലയായ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ബി ജെ പിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

മാ‍ർച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ എ ബി വി പി, ബി ജെ പിപ്രവർത്തകർ ബാലരാമപുരം – വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചില പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാനും ശ്രമിച്ചു. മതപഠനശാല അനുകൂലികളും ഒരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നു.

അതേസമയം ദുരൂഹ സാഹചര്യത്തിൽ 17 കാരി അസ്മിയ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിനായി നെയ്യാറ്റിൻകര എ എസ് പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് വീണ്ടും മൊഴിയെടുക്കും. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെടുന്നുണ്ട്.


അതേസമയം അസ്മീയ മരണപ്പെട്ട സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് അനൂപ് ആന്റണി. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐ പ്രതികരിക്കുമായിരുന്നെന്നും അനൂപ് ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു. അസ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ബാലരാമപുരത്ത് നടന്ന സംഭവം യുപിയിൽ ആയിരുന്നെങ്കിലോ, ഒരു ഇതര മത സ്ഥാപനമായിരുന്നെങ്കിലോ പ്രതികരിക്കുമായിരുന്നു. ഈ ഇരട്ടത്താപ്പിനെ കേരളത്തിൽ ഈയിടെയായി വിളിക്കുന്ന പേരാണ് മതേതരത്വം. ഈ സർക്കാരിൽ നിന്ന് ആ കുടുംബത്തിന് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ കുറവാണെന്നും അനൂപ് ആന്റണി പ്രതികരിച്ചു.


ബാലരാമപുരത്ത് നടന്നത് വാസ്തവമാണെന്ന് അറിയാമെങ്കിലും ‘മതേതരത്വം’ തകരും എന്നതു കൊണ്ട് തൽക്കാലം പോസ്റ്റർ ഞങ്ങളുടേതല്ല.. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.. അല്ലെങ്കിൽ ഒരു ഇതര മത സ്ഥാപനമായിരുന്നിരിക്കണം..” ഈ ഇരട്ടത്താപ്പിനെ കേരളത്തിൽ ഈയിടെയായി വിളിക്കുന്ന പേരാണ് മതേതരത്വം.. കേരള സ്റ്റോറിയുടെ കാര്യം പോലെ.. ഈ സർക്കാരിൽ നിന്ന് ആ കുടുംബത്തിന് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ കുറവാണ്. അസ്മിയയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. – എന്നായിരുന്നു അനൂപ് ആന്റണി കുറിച്ചത്.
Previous Post Next Post