ന്യൂഡൽഹി : രാത്രിയിൽ ഐഎന്‍എസ് വിക്രാന്തിലേക്ക് പറന്നിറങ്ങി ഇന്ത്യൻ നാവിക സേനയ്ക്ക് അഭിമാനമായി മിഗ് 29 കെ യുദ്ധവിമാനം.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലേക്ക് ആദ്യമായാണ് മിഗ് 29 കെ രാത്രി ലാൻഡ് ചെയ്യുന്നത്. വിജയകരമായി രാത്രി ലാന്‍ഡിങ് പൂര്‍ത്തിയാക്കിയ വിവരം ഇന്ത്യൻ നാവിക സേന തന്നെയാണ് പങ്കുവച്ചത്.
ഇന്ത്യൻ നേവിയുടെ ചരിത്രം നേട്ടം എന്നാണ് മിഗ് 29 കെയുടെ വിക്രാന്തിലെ രാത്രി ലാൻഡിങ്ങിനെ വിശേഷിപ്പിച്ചത്. വിമാനം പറന്നിറങ്ങുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന വ്യക്തമാക്കി.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാവിക സേനയ്ക്ക് അഭിനന്ദനവുമായി എത്തി. വിക്രാന്ത് അംഗങ്ങളുടേയും നേവി പൈലറ്റുമാരുടേയും നിരന്തര പ്രയത്നത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.