കോഴിക്കോട് : മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ എസ് ഐ അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. എസ്‌ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വ്യാഴാഴ്ച രാത്രി തൊട്ടില്‍പ്പാലത്തെ ഹോട്ടലിലായിരുന്നു സംഭവം. വയനാട്ടില്‍നിന്ന് വരികയായിരുന്ന അനില്‍കുമാര്‍ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ബില്ലിനെ ചൊല്ലി ഹോട്ടലില്‍ വെച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന എസ്‌ഐ ബഹളമുണ്ടാക്കുകയായിരുന്നു.
വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും എസ്‌ഐ ആദ്യം പൊലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസ് സംഘം ഏറെ നിര്‍ബന്ധിച്ച് ഇയാളെ പൊലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും സംഭവസമയം എസ്‌ഐ ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.