എസ്എഫ്ഐ ആൾമാറാട്ടം… പ്രിൻസിപ്പലിനും വിശാഖിനുമെതിരെ കേസ്

തിരുവനന്തപുരം : കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവ് വിശാഖിനുമെതിരെ പൊലീസ് കേസെടുത്തു. ആൾമാറാട്ടം, വ്യാജ രേഖ ചമക്കൽ, വിശ്വാസ വഞ്ചന എന്നിയ്ക്കാണ് പ്രിൻസിപ്പൽ ജി ജെ ഷൈജു, വിദ്യാർ‍ത്ഥി വിശാഖ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തത്. സർവ്വകലാശാല നൽകിയ പരാതിയിന്മേലാണ് നടപടി.

ഇന്നലെ ചേർന്ന സിണ്ടിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സർവകലാശാല രജിസ്ട്രാർ പൊലീസില്‍ പരാതി നൽകിയത്. എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യുയുസിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് ചേർത്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ അഞ്ച് ദിവസം മുമ്പ് കെഎസ്‍യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് അനങ്ങിയിട്ടില്ലെങ്കിലും കേരള സർവകലാശാലയുടെ പരാതി പൊലീസിന് അവഗണിക്കാനായില്ല.

സിഎസ്ഐ സഭ നയിക്കുന്ന കോളേജ് മാനേജ്മെൻ്റും വിഷയം അന്വേഷിക്കുന്നുണ്ട്. കോളേജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. ഈ അന്വേഷണ റിപ്പോർട്ടിന് ശേഷം പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കും. ഷൈജുവിനെ പ്രിൻസിപ്പിൽ ഇൻ ചാർജ്ജ് സ്ഥാനത്തും നിന്നും മാറ്റിയ സർവ്വകലാശാല കൂടുതൽ നടപടി എടുക്കാൻ കോളേജിനോട് നിർദ്ദേശിച്ചിരുന്നു.
أحدث أقدم