ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയിൽ. തമിഴ്നാട്ടിലെത്തിയ അരികൊമ്പൻ വീടിന്റെ കതക് തകർക്കുകയും അകത്തു കയറി അരിയെടുത്ത് കഴിച്ചതായി തൊഴിലാളികൾ പറഞ്ഞു.
ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെയാണ് ലയം.
മേഘമലയ്ക്ക് സമീപം രാജപാളയത്തിനടുത്ത് ശ്രീവില്ലിപുത്തൂരിലെ ജലാശയത്തിൽ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്നു നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മേഘമലയ്ക്ക് താഴ്‌വാരത്ത് തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ താമസിക്കുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.