മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; നിരവധി വീടുകളും കടകളും അഗ്നിക്കിരയായി; ഏഴു ജില്ലകളില്‍ കര്‍ഫ്യൂ ; ഇന്റര്‍നെറ്റിന് വിലക്ക്


 ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. അഞ്ചു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. നിരവധി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. 

ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ നടന്ന ഗോത്രവിഭാഗമായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീറ്റി സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്ര വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്. 

പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തമെന്നും, സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും മണിപ്പൂര്‍ ഡിജിപി അറിയിച്ചു.

Previous Post Next Post