പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി.
മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണും പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനിടെ ട്രെയിൻ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.
കഴിഞ്ഞ ദിവസം, കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെ വീണ്ടും കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. വൈകിട്ട് 7.30 മണിയോടെ കല്ലേറുണ്ടായെന്ന് ആർപിഎഫ് പൊലീസിനെ അറിയിച്ചു.
ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സി ആറ് കോച്ചിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാരാണ് കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചത്. തുടർന്ന് ആർപിഎഫിനെ വിവരമറിയിച്ചു. ആർപിഎഫും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. നേരത്തെ പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്‍റെ ഔദ്യോഗിക യാത്രക്ക് തുടക്കമായത്. സർവീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്. വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്.