കൊല്ലം▪️പുലിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും കത്തിയമര്‍ന്നു. കൂട്ടില്‍ കിടന്ന വളര്‍ത്തുനായ കത്തിക്കരിഞ്ഞു. പുലിക്കുഴി ചരുവിള വീട്ടില്‍ പൊന്നമ്മയുടെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്.
ചരുവിള വീട്ടില്‍ ഷൈലജയുടെയും പച്ചയില്‍ വീട്ടില്‍ ഷീലയുടെയും വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് ചാറ്റല്‍ മഴയ്ക്കിടെ ശക്തമായ ഇടിമിന്നലുണ്ടായത്. പൊന്നമ്മയും മകളും ആഹാരം കഴിച്ച ശേഷം അടുത്ത വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ബന്ധുവായ മണികണ്ഠന്‍ ടി വി ഓഫ് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങുമ്‌ബോഴാണ് ഇടിമിന്നലുണ്ടായത്. ഉഗ്രശബ്ദത്തോടെ തീഗോളം വന്ന് പതിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു. വളര്‍ത്തുനായയും ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞു.
ഷൈലജയുടെ വീട്ടില്‍ ആളില്ലായിരുന്നു. ഷീലയുടെ വീട്ടിലെ അടുക്കളഭാഗത്ത് ഇരിക്കുകയായിരുന്നവര്‍ വീട്ടിലേയ്ക്ക് തീ മിന്നല്‍ പാഞ്ഞുവരുന്നത് കണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇരു വീടുകളിലെയും ഭിത്തികള്‍ക്ക് വിള്ളലുണ്ട്. വൈദ്യുതി ഉപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല.