കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജുവലറിയിൽ നിന്ന് രണ്ടരക്കോടിയുടെ സ്വർണവും പണവും ഒലിച്ചുപോയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജുവല്ലറിയിലുണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും പണവുമാണ് ഫർണിച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി മഴവെള്ളം കുത്തിയൊലിച്ചതിനാൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാതെ വന്നത് വൻ നാശനഷ്ടത്തിന് ഇടയാക്കി.
വളരെ പെട്ടെന്ന് കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവൻ രക്ഷിക്കാൻ പുറത്തേയ്ക്ക് ഓടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തി വച്ചിരുന്ന ആഭരണങ്ങളും ഒഴുക്കിക്കൊണ്ടുപോയി. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും നഷ്ടപ്പെട്ടു.
ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജുവലറിയിൽ വൻ തോതിൽ സ്വർണം ശേഖരിച്ചിരുന്നു. ഇതുൾപ്പെടെയാണ് നഷ്ടമായത് എന്നാണ് പുറത്തു വരുന്ന വിവരം. വെള്ളം കയറിയപ്പോൾ സഹായത്തിനായി കോർപ്പറേഷൻ അധികൃതരെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണ് ഉടമയായ വനിതയുടെ പരാതി. അടുത്തിടെ സ്ഥലത്തെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. ഇതിന്റെ നിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് ഇത്രയും വലിയ നാശനഷ്ടത്തിന് കാരണമായതെന്നും ജുവലറി ഉടമ കുറ്റപ്പെടുത്തി