തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല.
ഇതിനെതുടർന്ന് കേരളത്തിൽ ഞായറാഴ്ചയോടെ
മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നൽകുന്ന സൂചന.
ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.