ബസിൽ നഗ്നത പ്രദർശിപ്പിച്ച് യുവാവ്… ദുരനുഭവം പങ്കുവച്ച യുവതിയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു….


നെടുമ്പാശേരി : കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂർ സ്വദേശിനി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ചർച്ചയാകുന്നു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാൻ‍‍ഡ് ചെയ്തു. സിനിമാ പ്രവർത്തകയായ നന്ദിത ശങ്കരയാണ് ദുരനുഭവം വിവരിച്ച് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. നന്ദിതയെ
പിന്തുണച്ച് നിരവധിപ്പേർ കുറിപ്പിടുകയും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ സവാദിൽനിന്നു നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്. ദേശീയപാതയിൽ അത്താണിയിൽ ആണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി
എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. സവാദ് അങ്കമാലിയിൽ നിന്നാണ് ഈ ബസിൽ കയറിയത്. സ്ത്രീകൾക്ക് മുൻഗണന ഉള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടതോടെ യുവാവ് മോശമായി പെരുമാറി തുടങ്ങി. ആദ്യം നന്ദിത കാര്യമാക്കിയില്ല. ഇതോടെ സവാദ് നഗ്നത പ്രദർശിപ്പിക്കാൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വച്ച് സീറ്റിൽ നിന്ന് ചാടിയെണീറ്റു. ഉടനെ സീറ്റിൽ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടർ കടന്നു പിടിച്ചെങ്കിലും സവാദ് കുതറിയോടി. ഇതോടെ കൂടുതൽ യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു.
Previous Post Next Post