ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിനോദ് കെ ജേക്കബിനെ നിയമിച്ചു

മനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ വിനോദ് കെ ജേക്കബിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പുതിയ അംബാസഡറുടെ നിയമനം സംബന്ധിച്ച അറിയിപ്പുള്ളത്. നിലവിലുള്ള അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2000 ബാച്ച് ഉദ്യോഗസ്ഥനായ വിനോദ് കെ ജേക്കബ് നിലവിൽ കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡെപ്യൂട്ടി ഹൈകമീഷണറുടെ ചുമതല വഹിക്കുകയാണ്.


ശ്രീലങ്കയ്ക്ക് പുറമെ ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ വിനോദ് കെ ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചത്. ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽ നിന്ന് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കി. വിദേശകാര്യ സര്‍വീസില്‍ ഉദ്യോഗസ്ഥയായ നംഗ്യ സി. ഖാംപയാണ് ഭാര്യ.
Previous Post Next Post