കെഎസ്ആർടിസി ബസിൽ യുവതിയെ കുത്തി യുവാവ് സ്വയം കഴുത്തറത്തു

 മലപ്പുറം : യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു.

 മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11ന് വെന്നിയൂരിനു സമീപമാണു സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും മുൻ പരിചയക്കാരാണ്. 

യുവാവ് എടപ്പാളിൽനിന്നും യുവതി അങ്കമാലിയിൽ നിന്നുമാണു ബസിൽ കയറിയത്. നേരത്തേ ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇരുന്നിരുന്നത്. ഇതിനിടെ ഇരുവരും വാക്കേറ്റമുണ്ടായിരുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. കോട്ടയ്ക്കലിൽവച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണു സംഭവം.

യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട്. ശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. തുടർന്ന് കത്തി പുറത്തേക്ക് എറിഞ്ഞതായും ജീവനക്കാർ പറഞ്ഞു. ഉടൻ ബസ് ജീവനക്കാർ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവാവിനു ഗുരുതര പരുക്കുണ്ട്. സനിൽ കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനാണ്.

Previous Post Next Post