തൃപ്രയാർ(തൃശൂർ): ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗസംഘം ഹോട്ടൽ തല്ലിത്തകർത്തു. അക്രമിസംഘത്തിന്റെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന്റെ ചെവിയറ്റു. തൃപ്രയാർ ജങ്ഷന് വടക്കുള്ള ‘കലവറ’ ഹോട്ടലിലാണ് കഴിഞ്ഞ രാത്രി വൈകി ആക്രമണമുണ്ടായത്.
ഹോട്ടൽ ജീവനക്കാരൻ അസം സ്വദേശി ജുനൈദിനാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാർക്കും അടിയേറ്റിട്ടുണ്ട്. ഹോട്ടലിലെത്തിയ സംഘം നാല് ബിരിയാണി പാഴ്‌സൽ ആവശ്യപ്പെട്ടു. ഇത് കൊടുത്ത് ബിൽ നൽകിയപ്പോഴാണ് പണമില്ലെന്നും കടമായി എഴുതിക്കൊള്ളാനും പറഞ്ഞത്.
ഉടമ സ്ഥലത്തില്ലെന്നും കടമായി നൽകാൻ പറ്റില്ലെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഴഇയാൾ ഉടമയെ ഫോണിൽ വിളിച്ചപ്പോൾ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ ജീവനക്കാരൻ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇതുകണ്ട സംഘം ജീവനക്കാരനെ വീണ്ടും ആക്രമിച്ചു.
ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.