മലപ്പുറം: നടു റോഡില്‍ പരാക്രമം കാണിച്ച് ലഹരിക്ക് അടിമയായ യുവാവ്. മലപ്പുറം പുലാമന്തോള്‍ ടൗണിലാണ് ഒരു മണിക്കൂറോളം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ് പരാക്രമം കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മേലെ പട്ടാമ്പി സ്വദേശി നൗഫലിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു.ആദ്യം ഇയാള്‍ കയറിയത് ബേക്കറിയില്‍ ഷവര്‍മ വാങ്ങാനായിരുന്നു. ഇവിടുത്തെ പ്‌ളേറ്റ് തല്ലി പൊട്ടിച്ചുകൊണ്ടാണ് പരാക്രമം തുടങ്ങിയത്. പുലാമന്തോള്‍ നഗരത്തെ ഒരു മണിക്കൂറോളം ഇയാള്‍ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. റോഡിലൂടെ പായുന്ന വാഹനത്തില്‍ നൗഫല്‍ ഓടിക്കയറാനും ശ്രമിച്ചു. തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു ഇയാള്‍. കാഴ്ച്ചക്കാര്‍ കൂടുന്തോറും ഇയാളുടെ പരാക്രമവും വര്‍ധിച്ചു. ഏറെ പണിപ്പെട്ട് കൈ കാലുകള്‍ ബന്ധിച്ച് നാട്ടുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.വിവരമറിഞ്ഞു പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ പൊലീസ് സംഘവും യുവാവിനെ വാഹനത്തില്‍ കയറ്റാന്‍ പാടുപെട്ടു. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ വാഹനത്തില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പൊതു സ്ഥലത്ത് ബഹളം വെച്ചതിന് നൗഫലിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.