കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക, ജാര്‍ഖണ്ഡിലും കേരള മാതൃക നടപ്പിലാക്കാന്‍ ശ്രമിക്കും: ജാര്‍ഖണ്ഡ് കൃഷി മന്ത്രി



       

കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി - മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാര്‍ഷിക - മൃഗസംരക്ഷണ രംഗത്തെ നേട്ടങ്ങള്‍ പഠിക്കാനെത്തിയതാണ് സംഘം. കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണ്. കേരളത്തിലെ നല്ല മാതൃകകള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം അവിടെ നടപ്പിലാക്കാന്‍ ശ്രമിക്കും. ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതെങ്ങനെയെന്ന് മനസിലാക്കാന്‍ കൂടിയായിരുന്നു ഈ യാത്ര. മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥനും ജാര്‍ഖണ്ഡിലെ കൃഷി വകുപ്പ് സെക്രട്ടറിയുമായ പി. അബൂബക്കര്‍ സിദ്ദീഖ് പല കാര്യങ്ങളിലും കേരള മാതൃക പിന്തുടരണമെന്ന് എനിക്ക് ഉപദേശം തരാറുണ്ട്. അദ്ദേഹത്തില്‍ നിന്നും മാധ്യമങ്ങളിലൂടെയും കേരളത്തെക്കുറിച്ച് കേട്ട നല്ല വാര്‍ത്തകളെല്ലാം ശരിയാണെന്ന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. മികച്ച രീതിയിലാണ് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലനിരകളും കായലുകളും പച്ചപ്പും നിറഞ്ഞ കേരളത്തിലെ ഭൂപ്രകൃതി മികച്ചതാണ്. എല്ലാവരും കേരളം സന്ദര്‍ശിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളവും കേരള വികസന മാതൃകയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ പിന്നെയെന്താണ് ജീവിതത്തില്‍ കണ്ടതെന്ന പഞ്ച് ഡയലോഗ് അടിക്കാനും മന്ത്രി മറന്നില്ല.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിയ മന്ത്രിയും സംഘവും ഇന്ന് (മെയ് 22) ഉച്ചയോടെ റാഞ്ചിയിലേക്ക് മടങ്ങാനിരിക്കെയാണ് എന്റെ കേരളം മെഗാ മേളയിലെത്തിയത്. മേളയുടെ സംഘാടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കനകക്കുന്നിലെ കൃഷി, സഹകരണം, മൃഗസംരക്ഷണം വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിവിധ പ്രദര്‍ശന, വിപണന, സേവന സ്റ്റാളുകളും സന്ദര്‍ശിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെത്തിയ മന്ത്രിയും സംഘവും അവിടെയുള്ള ഓമന മൃഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. വിപണന സ്റ്റാളുകളിലെ തനത് വിഭവങ്ങള്‍ വാങ്ങിയ ശേഷമാണ് സംഘം മടങ്ങിയത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ആര്‍. സുഭാഷ് മന്ത്രിക്ക് മലയാള അക്ഷരമാല ലേഖനം ചെയ്ത ഉപഹാരം നൽകി. ജാര്‍ഖണ്ഡിലെ കൃഷി വകുപ്പ് സെക്രട്ടറി പി. അബൂബക്കര്‍ സിദ്ദീഖ്, ജാര്‍ഖണ്ഡ് കൃഷി വകുപ്പ് ഡയറക്ടര്‍ ചന്ദന്‍ കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മന്ത്രിയോടൊപ്പമെത്തിയത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ആര്‍. സുഭാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.
Previous Post Next Post