കെഎസ്ഇബിയിൽ നിന്നെന്ന് വ്യാജകോൾ… എടിഎം കാർഡിലെ നമ്പറും ഒടിപിയും അയച്ചുകൊടുത്തു… യുവാവിന് നഷ്ടമായത് 19000


മലപ്പുറം : കെഎസ്ഇബിയുടെ പേരിൽ വിളിച്ച വ്യാജ കോളിന് പിന്നാലെ യുവാവിന് നഷ്ടമായത് 19,000 രൂപ. കെഎസ്ഇബിയിൽ നിന്നാണെന്ന വ്യാജേന വിളിച്ച വ്യക്തിയുടെ നിർദ്ദേശാനുസരണം എടിഎം കാർഡിലെ നമ്പറും ഒടിപിയും അയച്ചു കൊടുക്കുകയായിരുന്നു.

ബിൽ അടയ്‌ക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. കാരത്തൂർ കാളിയാടൻ ഷാഹിൻ റഹ്‌മാന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലിൽ വിളിച്ച അജ്ഞാതൻ കെഎസ്ഇബിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി. 

തുടർന്ന് ബിൽ അടയ്‌ക്കുന്നതിനായി താൻ അയച്ച മെസ്സേജിലെ ലിങ്കിൽ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് എടിഎം കാർഡിലെ നമ്പറും ഒടിപിയും ഷാഹിൻ അയച്ച് കൊടുത്തതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. രണ്ട് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഷാഹിൻ തിരൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

ഇരിങ്ങാലക്കുട കോളേജിൽ പഠിക്കുന്ന ഷാഹിൻ പഠനാവശ്യങ്ങൾക്കായി എടുത്ത അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.
Previous Post Next Post