കൊല്ലം; ബസ്സിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്ന് വഴിയിൽ ഇറക്കിവിട്ട 61 കാരൻ മരിച്ചു. ഇടുക്കി പള്ളിവാസൽ വെട്ടുകല്ലുമുറി ചിത്തിരപുരം സ്വദേശി എ.എം. സിദ്ദീഖാണ് മരിച്ചത്.
ബസിനുള്ളിൽ കുഴഞ്ഞുവീണ് അവശനിലയിലായ സിദ്ദീഖിനെ ബസ് ജീവനക്കാർ വഴിയോരത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട അഞ്ചൽ – വിളക്കുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുപാറയിൽ ലോട്ടറി കച്ചവടം കഴിഞ്ഞ് അഞ്ചലിലേക്കു പോകാൻ ബസിൽ കയറിയതാണു സിദ്ദീഖ്.
ബസിൽ ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെ മുഴതാങ്ങിലെ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ബസ് നിർത്തി ജീവനക്കാർ സിദ്ദീഖിനെ അവിടെ കിടത്തി യാത്ര തുടരുകയായിരുന്നു.
അബോധാവസ്ഥയിലായ ഇദ്ദേഹത്തെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.